അപകടം നടന്നതിനു ശേഷം പോരാ പ്രതിരോധ നടപടികൾ

 കോതമംഗലത്ത് സ്കൂള്‍ബസിനു മുകളിലേക്കു മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചതിനു പിന്നാലെ ഇതാ പുതിയ സങ്കടവാർത്ത; കോഴിക്കോട് മീ‍ഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനു മുകളിലേക്കു തെങ്ങു വീണു വിദ്യാർഥി മരിച്ചു.

nottam09072015
സ്കൂൾ ബസിനു മുകളിൽ മരം വീണ അപകടം നടന്ന ഉടന്‍തന്നെ റോഡരികിലുള്ള മരങ്ങള്‍ വെട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനു മുന്‍പ് തട്ടേക്കാട് ബോട്ടപകടം ഉണ്ടായപ്പോള്‍ ബോട്ടുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരെ ആയിരുന്നു അന്വേഷണവും സമൂഹത്തിന്റെ രോഷവും.

അപകടത്തിനുശേഷം മാത്രം കാരണങ്ങൾക്കു പിന്നാലെ പോകുന്നതു ഫലപ്രദമല്ല. നമ്മുടെ വിദ്യാര്‍ഥികള്‍ സ്കൂളിലേക്കുള്ള യാത്രയിലും സ്കൂളിലും വിനോദയാത്രയ്ക്കിടയിലുമൊക്കെ നേരിടുന്ന പ്രശ്നങ്ങളെ മൊത്തത്തില്‍ മനസ്സിലാക്കി അതൊഴിവാക്കാന്‍ നടപടികള്‍ എടുക്കുകയാണു വേണ്ടത്.

വികസിത രാജ്യങ്ങളില്‍ സ്കൂള്‍ തുറക്കുന്ന ദിവസത്തെ ആദ്യ ക്ലാസ് സുരക്ഷയെപ്പറ്റിയാണ്. സുരക്ഷാപഠനം സ്കൂളില്‍നിന്നു തുടങ്ങുന്നതിനു പല ഗുണങ്ങളുണ്ട്. ഒന്നാമതു സ്കൂളിലെയും സ്കൂളിലേക്കുള്ള യാത്രയിലെയും സ്കൂള്‍ പ്രവര്‍ത്തനങ്ങളിലെയും (സ്പോര്‍ട്സ്, വിനോദയാത്ര തുടങ്ങിയവ) സുരക്ഷാപ്രശ്നങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കും. രണ്ടാമത്, സുരക്ഷയുടെ പ്രാധാന്യം കുട്ടികൾ വഴി വീടുകളില്‍ എത്തും. മൂന്നാമത് ഇത്തരം പരിശീലനത്തിലൂടെ കുട്ടികള്‍ വളരുമ്പോള്‍ സുരക്ഷാബോധമുള്ള പുതിയ തലമുറ ഉണ്ടാകും. വളരെ എളുപ്പത്തില്‍ നടപ്പാക്കാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ സ്കൂളുകളിലും സുരക്ഷാവിഷയങ്ങളില്‍ കുട്ടികള്‍ക്കു പരിശീലനം നൽകാവുന്നതാണ്. വിദ്യാലയങ്ങളിലെ മനോരമയുടെ ‘നല്ല പാഠം’ പരിപാടിയിലെ അടുത്ത ഇനം ആകട്ടെ സുരക്ഷ.

സുരക്ഷാ കോര്‍ണര്‍: ഓരോ സ്കൂളിലും ഒരു സുരക്ഷാ കോർണർ ഉണ്ടാക്കുക.ഇവിടെ സുരക്ഷാവിഷയങ്ങളെപ്പറ്റിയുള്ള പോസ്റ്ററുകളും മറ്റും പതിപ്പിക്കുക. എവിടെയെങ്കിലും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട അപകടം ഉണ്ടായാല്‍ ആ വാര്‍ത്ത ഇവിടെ വെട്ടിയൊട്ടിക്കുക. സ്കൂള്‍ അസംബ്ലിയില്‍ അതു വായിക്കുക. അത്തരം അപകടം എങ്ങനെ ഒഴിവാക്കാമായിരുന്നു എന്നു വിശദീകരിക്കുക.

പ്രഥമ ശുശ്രൂഷ: സ്കൂളുകളില്‍ പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും സാമഗ്രികളും ലഭ്യമാണോ? ഇല്ലെങ്കില്‍ വാങ്ങി ശേഖരിക്കുക. അധ്യാപകര്‍ എങ്കിലും പ്രഥമശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുക. പറ്റിയാൽ അടുത്ത ആശുപത്രിയുമായി ചേർന്നുപ്രഥമശുശ്രൂഷയെപ്പറ്റി മുതിർന്ന കുട്ടികൾക്കു ക്ലാസ് എടുക്കുക. സുരക്ഷാപരിശോധന: ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രോജക്ട് ആയി ഓരോ സ്കൂളിന്റെയും സുരക്ഷാ പരിശോധന നടത്താവുന്നതാണ്. വൈദ്യുതി സുരക്ഷ, ഭക്ഷണശാലയിൽനിന്നു തീ പിടിക്കാനുള്ള സാധ്യത, പരീക്ഷണശാലയിലെ രാസവസ്തുക്കള്‍, ക്ലാസുകളോടു ചേര്‍ന്നു നിൽക്കുന്ന മരങ്ങള്‍, സ്കൂളിനകത്തുള്ള പൊട്ടക്കുളങ്ങള്‍, ചുറ്റുമതില്‍ ഇല്ലാത്ത കിണര്‍, സ്കൂളിനു മുകളിലൂടെ പോകുന്ന വൈദ്യുത കമ്പി, സ്കൂളിനടുത്തുള്ള റോഡ്, പുഴ, കനാല്‍, കടൽത്തീരം എന്നിങ്ങനെ ഓരോ സ്കൂളിലും അതിന്റേതായ പ്രശ്നങ്ങള്‍ ഉണ്ട്. സുരക്ഷാപ്രശ്നങ്ങൾഗൂഗിള്‍ എര്‍ത്ത് മാപ്പില്‍ രേഖപ്പെടുത്തി സുരക്ഷാ കോര്‍ണറില്‍ പതിക്കുക. ആവശ്യമെങ്കില്‍ പരിഹാരത്തിന് അധികൃതർക്കു കത്തെഴുതുക.

പഠനേതര കാര്യങ്ങളിലെ സുരക്ഷ: ക്ലാസ്റൂമിനും സ്കൂളിനും പുറത്തു സ്പോര്‍ട്സിനോ വിനോദയാത്രയ്ക്കോ ഒക്കെ പോകുമ്പോഴും സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാകാം. ഓരോ യാത്രയ്ക്കു മുന്‍പും സുരക്ഷാവിഷയത്തെപ്പറ്റി അധ്യാപകരുമായി ചര്‍ച്ച ചെയ്യുക.

സുരക്ഷാ ഉപകരണങ്ങള്‍: വിനോദയാത്രയ്ക്കിടയിലെ മുങ്ങിമരണം കേരളത്തില്‍ സർ‌വസാധാരണമാണ്. സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത ബോട്ടില്‍ കയറാതിരിക്കുന്നതും അത്യാവശ്യത്തിനു ലൈഫ്ബോയും കയറും യാത്രാസംഘത്തിന്റെ വാഹനത്തില്‍ കരുതുന്നതും മുങ്ങിമരണം ഒഴിവാക്കാന്‍ സഹായിക്കും. സ്കൂളിലേക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിച്ചു പണം പിരിക്കുന്നത് ഒരു പ്രവര്‍ത്തനമായി നടപ്പാക്കാം. കാലികമായ സുരക്ഷാവിഷയങ്ങള്‍: അപകടങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാവുമെങ്കിലും കേരളത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ക്കു ചില ചാക്രിക സ്വഭാവങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, മഴമാസങ്ങളി‍ല്‍ ആണ് റോഡപകടങ്ങള്‍ കൂടുന്നത്. തുലാവര്‍ഷത്തില്‍ ഇടിമിന്നൽ കൂടുന്നു. മധ്യവേനല്‍ അവധിയില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ മുങ്ങിമരിക്കുന്നു. സ്കൂളുകളിലെ ‘നല്ല പാഠം’ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ മൂന്നു മാസത്തിലും ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചു സുരക്ഷാ നോട്ടിസ് ബോര്‍ഡില്‍ മുന്നറിയിപ്പുകളും സ്കൂള്‍ അസംബ്ലിയില്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നതു നന്നായിരിക്കും.

(ഐക്യരാഷ്‌ട്ര പരിസ്‌ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)

No comments:

Post a Comment