ഇല്ലച്ഛാ, പ്ലാന്‍ കാന്‍സല്‍ഡ്!

ജൂലൈ 2, ഉച്ചകഴിഞ്ഞ് 2 മണി.
"അച്ഛാ , മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളല്ലേ ?"
ഞാന്‍വായിച്ചു കൊണ്ടിരുന്ന പുസ്തകം കയ്യില്‍ നിന്നെന്‍റെ മടിയിലേക്ക് വീണു. ഞാന്‍ തികഞ്ഞ അമ്പരപ്പോടെ മുഖമുയര്‍ത്തി നോക്കി.
എന്‍റെ അഞ്ചുവയസ്സുകാരന്‍ മകന്‍ എളിയില്‍ കൈകുത്തിനിന്ന് ഒരു കുട്ടിപ്പിശാചിന്‍റെ കുസൃതിനിറഞ്ഞ മുഖത്തോടെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.
"എന്താ നീയങ്ങനെ ചോദിക്കാന്‍ കാരണം ?" ഞാന്‍ നേരിയ ആശയക്കുഴപ്പത്തോടെ ചോദിച്ചു.
ഞങ്ങളുടെ ക്ലാസ്സിലൊരു അല്‍ത്താഫുണ്ട്. അവന്‍ മുസ്ലിമായതുകൊണ്ട് അവന്‍ നമ്മുടെ ശത്രുവാണെന്ന് എല്ലാവരും പറയുന്നു. ആരും അവനെ കൂടെയിരുത്താറില്ല." പുരികങ്ങള്‍ ചുളിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഒരു വലിയ രഹസ്യം പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു - "നാളെ ക്ലാസ്സില്‍ വച്ചവനെ തല്ലി പഞ്ചറാക്കാന്‍ ഞങ്ങള്‍ പ്ലാനിട്ടിട്ടുണ്ട്"
ഒഹ് ! ഇത് ഞാന്‍ പ്രതീക്ഷിച്ചതിലും ഗുരുതരമാണല്ലോ, അല്‍പ്പം ഭയാനകവും - പ്രത്യേകിച്ച് ഈ വാക്കുകള്‍ ഒരു അഞ്ചു വയസ്സുകാരനില്‍ നിന്നാകുമ്പോള്‍ !
"എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളാണെന്ന് നിനക്ക് തോന്നാന്‍ കാരണം ?" ശബ്ദത്തില്‍ പരമാവധി ശാന്തത കൈവരുത്താന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.
"അച്ഛാ, ഞങ്ങള്‍ക്ക് ശിവജി മഹാരാജാവിന്‍റെ കഥ സ്കൂളില്‍ പഠിക്കാനുണ്ട്. മുസ്ലിങ്ങള്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചു, ഒരുപാട് നിരപരാധികളായ ആളുകളെ കൊന്നൊടുക്കി, അതിനാല്‍ ശിവജി മഹാരാജിന് അവരുമായി യുദ്ധം ചെയ്യേണ്ടി വന്നു. അപ്പോള്‍ മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളാണല്ലോ ?"

ഇതല്‍പ്പം കൈവിട്ടു പോകുന്ന ലക്ഷണമുണ്ട് - "ശരി, ശിവാജി മഹാരാജാവിന്‍റെ സൈന്യത്തിലും ധാരാളം മുസ്ലിം ഭടന്മാരുണ്ടായിരുന്നെന്നു നിനക്കറിയാമോ ? അവരും മുഗളന്മാര്‍ക്കെതിരെ യുദ്ധം ചെയ്തവരാണ്. അതായതു പാക്കിസ്ഥാനെതിരെ പോരാടി നമ്മുടെ രാജ്യത്തെ കാത്തുരക്ഷിക്കുന്ന ധീര സൈനികരുടെ കൂട്ടത്തില്‍ ധാരാളം മുസ്ലിം പട്ടാളക്കാര്‍ ഉള്ളത് പോലെ തന്നെ"
അവന്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ചു ആലോചിക്കുകയാണ്. ഇതോരവസരമായി കരുതി ഞാന്‍ തുടര്‍ന്നു - "ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ആക്രമിച്ചു. നിരപരാധികളായ ഒരുപാട് ജനങ്ങളെ കൊന്നൊടുക്കി. അപ്പോള്‍ ബ്രിട്ടീഷുകാരും നമ്മുടെ ശത്രുക്കളല്ലേ ?"
പൊടുന്നനെ അവന്‍റെ മുഖത്ത് എന്‍റെ ചോദ്യത്തോട് വിയോജിപ്പ്‌ രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭാവമാറ്റമുണ്ടായി - "ഒരിക്കലുമല്ല, മാര്‍ട്ടിന്‍ അങ്കിളിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്" (ഇടയ്ക്കിടെ ഞങ്ങളെ സന്ദര്‍ശിക്കുന്ന യുകെക്കാരനായ എന്‍റെ സുഹൃത്താണ് മാര്‍ട്ടിന്‍ അങ്കിള്‍)
"മാര്‍ട്ടിന്‍ അങ്കിള്‍ നല്ലതാണ്, മാര്‍ട്ടിന്‍ അങ്കിള്‍ എന്‍റെ ശത്രുവല്ല"
എന്‍റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു - "ഇപ്പോള്‍ നിനക്കെന്തു തോന്നുന്നു ?"
ഉത്തരം മുട്ടിയ ഭാവത്തോടെ എന്നെ ഇളിച്ചു കാട്ടിക്കൊണ്ട് അവന്‍ "ഞാന്‍ പോകുന്നെന്നു" പറഞ്ഞു പോകാന്‍ തുനിഞ്ഞു.
"ഏയ്‌, പോകല്ലേ" ഞാന്‍ അവനെ തടഞ്ഞു നിര്‍ത്തി. "അപ്പോള്‍ അല്‍ത്താഫിന്‍റെ കാര്യത്തില്‍ എന്ത് തീരുമാനിച്ചു ? നീയും നിന്‍റെ ക്ലാസ്സിലെ കൂട്ടുകാരും നാളെ അവനെ ഇടിക്കാന്‍ പ്ലാനിട്ടിരിക്കുകയല്ലേ ?"
തിരിഞ്ഞു നിന്ന് എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു - "ഇല്ലച്ഛാ, പ്ലാന്‍ കാന്‍സല്‍ഡ്. നാളെ ഞാന്‍ ക്ലാസില്‍ ഇരിക്കാന്‍ പോകുന്നത് അത്താഫിന്‍റെ അടുത്താണ്"
എന്‍റെ മുഖത്തൊരു വലിയ പുഞ്ചിരി തെളിഞ്ഞു - "പക്ഷെ നിന്‍റെ കൂട്ടുകാര്‍ ? നീയൊരു മുസ്ലിമിന്‍റെ കൂടെ ഇരിക്കുന്നത് കണ്ടാല്‍ നിന്നെയും അവര്‍ ശത്രുവായി കണക്കാക്കില്ലേ ?"
ഒരു നിമിഷം പോലും ആലോചിക്കാതെ അവന്‍ മറുപടി പറഞ്ഞു - "ഞാന്‍ ജനിച്ചപ്പോള്‍ അവരൊന്നും എന്‍റെ കൂട്ടുകാരായിരുന്നില്ലല്ലോ. അല്‍ത്താഫ് എന്‍റെ ശത്രുവും ആയിരുന്നില്ല. ആരെ സുഹൃത്തായും ശത്രുവായും കരുതണമെന്ന് എന്‍റെ ഇഷ്ടമാണ്"
അതു പറഞ്ഞവന്‍ പിന്തിരിഞ്ഞ് കളിക്കാനായി ഓടിപ്പോയി. എന്‍റെ മുഖത്തൊരു അഭിമാനം നിറഞ്ഞ ചിരി വിടര്‍ന്നു.
ചില സന്ദര്‍ഭങ്ങളില്‍ നിഷ്ക്കളങ്കമായ മനസ്സുകള്‍ ചിലപ്പോള്‍ ഏറ്റവുമധികം വംശീയമായി ചിന്തിച്ചേക്കാം.
നാളെയോരു പക്ഷേ ഇടികൊണ്ട്‌ ചോരയൊഴുകുന്ന മൂക്കുമായി അവന്‍ സ്കൂളില്‍ നിന്ന് വന്നേക്കാം. പക്ഷെ അവന്‍ നിലയുറപ്പിക്കുന്നത് ഒരിക്കലും അവനില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ബാഹ്യമായ ചിന്താഗതികളിലായിരിക്കില്ല, അവന്‍റെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ അധിഷ്ടിതമായ തീരുമാനങ്ങളിലായിരിക്കും.
ഒരാള്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ച് നമ്മിലെത്രപേര്‍ അയാളെ ശത്രുവായോ മിത്രമായോ പരിഗണിക്കുന്നുണ്ട്.
എനിക്കുണ്ടാകുന്ന അനുഭവങ്ങളായിരിക്കണം എന്‍റെ ജീവിതത്തില്‍ ശത്രുക്കളെയും മിത്രങ്ങളെയും തീരുമാനിക്കേണ്ടത് - ഭാഗ്യം , എന്‍റെ മകനത് തിരിച്ചറിഞ്ഞല്ലോ !
_____________________________
കുറിപ്പ് : ഈ കഥ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്, ഇതില്‍ യാതൊരു കൂട്ടിച്ചെര്‍ക്കലുകളും വരുത്തിയിട്ടില്ല.
പലപ്പോഴും ഞാനതിശയിക്കാറുണ്ട് -
എത്രയെളുപ്പത്തിലാണ് കുഞ്ഞുങ്ങള്‍ക്ക്‌ നമ്മള്‍ മുതിര്‍ന്നവരെ ചില പാഠങ്ങള്‍ പഠിപ്പിച്ചു തരുവാന്‍ സാധിക്കുന്നതെന്നോര്‍ത്ത് !
മനസ്സുകളില്‍ പകയും വിദ്വേഷവും വച്ചുപുലര്‍ത്തുന്ന മുതിര്‍ന്നവരായി വളരാതെ നമുക്കെന്നും മനസ്സില്‍ നിഷ്കളങ്കതയും ആത്മാര്‍ത്ഥ സ്നേഹവും കാത്തുസൂക്ഷിക്കുന്ന കുഞ്ഞുങ്ങളായിരുന്നാല്‍ മതിയായിരുന്നെന്ന് !!

No comments:

Post a Comment